കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ച് കൊച്ചി നഗരം പുകയിൽ മൂടി. പത്തിലധികം അഗ്നിരക്ഷാസേനകൾ തീയണയ്ക്കാൻ ശ്രമം തുടരുന്നു. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികൾക്ക് ശ്വാസ തടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
കനത്ത പുക കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി.
മാർച്ച് ഒന്നിന് വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. വലിയ തോതിൽ പുക ഉയർന്നതും പ്രദേശത്തേക്ക് അഗ്നിരക്ഷാ സേന വാഹനങ്ങൾക്ക് എത്താൻ കഴിയാതെ ഇരുന്നതും മാലിന്യം പ്ലാന്റിനു സമീപത്ത് സ്ഥാപിച്ചിരുന്ന പമ്പിങ് യൂണിറ്റുകൾ പ്രവർത്തിക്കാതിരുന്നതും തീയണയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കി.
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കൂടിക്കിടക്കുന്നതിനാൽ കടുത്ത ചൂടിൽ ഉരുകി തീപിടിച്ചതാകാനാണ് സാധ്യതയെന്നാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.
ഏക്കർ കണക്കിനു കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു തുടർച്ചയായ നാലാം വർഷമാണ് തീപിടിക്കുന്നത്. പ്ലാന്റിനകത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പൂർണ തോതിൽ സ്ഥാപിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു സമീപം തന്നെയാണ് അതീവ സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുത നിലയവും. സമീപത്ത് തന്നെയാണ് ഫാക്ടും സ്ഥിതി ചെയ്യുന്നത്.
പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടായ രൂക്ഷഗന്ധം കരിമുകൾ, ഇരുമ്പനം മേഖലകളിലുള്ള ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ശ്വാസ തടസ്സമുണ്ടായി.