KeralaNews

ബ്രഹ്‌മപുരം: മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു,ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല,ചികിത്സ തേടിയെത്തിയത് 178 പേര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുയർന്നു വിഷപ്പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ തിങ്കളാഴ്ച ചികിത്സ തേടിയെത്തിയത് 178 പേർ. രണ്ട് യൂണിറ്റുകൾ ഉണ്ടായിരുന്നതിൽ ആദ്യ യൂണിറ്റിൽ 118 പേർ ചികിത്സ തേടിയപ്പോൾ 60 പേരായിരുന്നു രണ്ടാം യൂണിറ്റിൽ ചികിത്സ തേടി എത്തിയത്. ഗുരുതര പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ആരെയും അഡ്‌മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ചമ്പക്കര കുന്നുകര പാർക്ക്, വൈറ്റില മഹിള സമാജം, തമ്മനം കിസാൻ കോളനി, പൊന്നുരുന്നി അർബൻ പി.എച്ച്.സി സമീപമുള്ള നഴ്‌സറി റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ മെഡിക്കൽ യൂണിറ്റ് എത്തിയത്. പി ആൻഡ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലും വെണ്ണല അർബൻ പി.എച്ച്.സിക്ക് സമീപവുമായിരുന്നു യൂണിറ്റ് രണ്ടിന്റെ സന്ദർശനം.

ആദ്യ യൂണിറ്റിൽ കുന്നുകര പാർക്കിൽ 32 പേരും വൈറ്റില മഹിള സമാജത്തിൽ 22 പേരും കിസാൻ കോളനിയിൽ 34 പേരും പൊന്നുരുന്നിയിൽ 30 പേരുമായിരുന്നു ചികിത്സ തേടിയത്. രണ്ടാം യൂണിറ്റിൽ വെണ്ണലയിൽ 27 പേരും പി ആൻഡ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലായി 33 പേരും ചികിത്സ തേടി.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

യൂണിറ്റുകളിൽ മെഡിക്കൽ ഓഫീസർ, നഴ്സിങ് ഓഫിസർ, നഴ്സിങ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ലഭ്യമാകും മിനി സ്‌പൈറോമീറ്റർ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button