ന്യൂഡൽഹി: യോഗാ ഗുരു രാംദേവ് ഒബിസി വിഭാഗത്തെ അവഹേളിച്ചെന്ന് ആരോപണം. ഒബിസി വിഭാഗത്തിനെതിരെ പരാമർശം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരോപണമുയർന്നത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി ബാബാ രാംദേവ് രംഗത്തെത്തി. തന്റെ പരാമർശം
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെ ഉദ്ദേശിച്ചുള്ളതാണെന്നും ഒബിസി സമുദായത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാംദേവ് വ്യക്തമാക്കി. കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് ബാബാ രാംദേവിന്റെ വിശദീകരണം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ പറഞ്ഞത് ഒവൈസി എന്നാണ്, ഒബിസി എന്നല്ല. ഒവൈസിയുടെ മുൻഗാമികൾ ദേശവിരുദ്ധരായിരുന്നു. ഞാൻ അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല’- രാംദേവ് വ്യക്തമാക്കി. എന്നാൽ, വീഡിയോയിൽ രാംദേവ് താൻ ബ്രാഹ്മണനാണെന്ന് പറയുകയും അഗ്നിഹോത്രി ബ്രാഹ്മണൻ ഉൾപ്പെടെയുള്ള വിവിധ ബ്രാഹ്മണ വിഭാഗത്തെ പുകഴ്ത്തുകയും ചെയ്യുന്നു.
എന്റെ യഥാർത്ഥ ഗോത്രം ബ്രാഹ്മണ ഗോത്രമാണ്. ഞാൻ ഒരു അഗ്നിഹോത്രി ബ്രാഹ്മണനാണ്. ആളുകൾ പറയുന്നു ബാബാജി ഒബിസി ആണെന്ന്. ഞാൻ ഒരു വേദ ബ്രാഹ്മണൻ, ദ്വിവേദി ബ്രാഹ്മണൻ, ത്രിവേദി ബ്രാഹ്മണൻ, ചതുർവേദി ബ്രാഹ്മണൻ ആണ്. ഞാൻ നാല് വേദങ്ങൾ വായിച്ചിട്ടുണ്ട്’- എന്നതായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമർശം. വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലരും ‘#Boycottpatanjali’ ഹാഷ്ടാഗുമായി പ്രതിഷേധിച്ചു.