തൃശൂര്‍: തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15 കാരന്‍ പൊങ്ങിയത് തൃശൂരില്‍. ‘അച്ഛന്‍ നടക്കുമ്പോള്‍ ഞാന്‍ ഓടും… ഞാന്‍ നടക്കുമ്പോള്‍ അച്ഛന്‍ ഓടണം’ ഇതായിരുന്നു തിരുവനന്തപുരം വട്ടപ്പാറയ്ക്കടുത്ത് ഞായറാഴ്ച പ്രഭാതസവാരി നടത്തിയ മകന്റെ നിബന്ധന.
നിബന്ധന അച്ഛന്‍ നടപ്പാക്കിയെങ്കിലും ഒടുവില്‍ മകന്‍ അച്ഛനെ പറ്റിച്ച് മുങ്ങി. മകന്‍ ഓടി വീട്ടിലെത്തിയെന്നു കരുതി മെല്ലെ നടന്ന് വീട്ടിലെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അച്ഛന്‍ അറിയന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അങ്ങനെയിരിക്കെയാണ് തലസ്ഥാനത്തു നിന്ന് ഒരു കുട്ടി തൃശൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയെന്ന സന്ദേശം ലഭിച്ചത്.
കുട്ടി ആദ്യം പറഞ്ഞത് വീട്ടിലെ പ്രശ്നങ്ങള്‍ കാരണം നാടുവിട്ടതാണെന്നായിരുന്നു. ഇവിടെയെത്തിയാല്‍ സഹായം കിട്ടുമെന്നറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. ഭക്ഷണം നല്‍കി സ്റ്റേഷനിലിരുത്തി വീണ്ടും കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മുന്‍പ് പറഞ്ഞതില്‍ പലതും കളവാണെന്ന് മനസ്സിലാക്കിയത്. തിരുവനന്തപുരത്തു നിന്ന് മുങ്ങണമെന്ന് തോന്നി ബസില്‍ കയറിയതാണ്. ബസ് തൃശ്ശൂരിലെത്തിയപ്പോള്‍ ഇറങ്ങി. പോലീസ് സ്റ്റേഷനാണ് അഭയ കേന്ദ്രമെന്നറിഞ്ഞ് വനിതാ പോലീസ് സ്റ്റേഷന്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.