എട്ടുവയസുകാരന്റെ തല പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങി!

ചാരുംമൂട്: തല പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങിയ എട്ടു വയസുകാരന്‍ വീട്ടുകാരുടേയും അയല്‍ക്കാരുടേയും ശ്രമഫലമായി ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. താമരക്കുളം നാല്മുക്ക് അയൂബ് ഭവനത്തില്‍ പരേതനായ നസീറിന്റെ മകന്‍ നബീറാണ് സാഹസികമായി രക്ഷപെട്ടത്.

അയല്‍വീട്ടിലേയ്ക്ക് കുക്കറുമായിപോയ നബീറിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയത്. തലയില്‍വെച്ചുകൊണ്ടുപോയ കുക്കറിനുള്ളിലേയ്ക്ക് അബദ്ധത്തില്‍ തല കുടുങ്ങുകയായിരുന്നു. അമ്മ ഷീബയും കുടുംബാഗങ്ങളും ചേര്‍ന്ന് കുക്കറില്‍ അകപ്പെട്ട കുട്ടിയുടെ തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേത്തുടര്‍ന്ന് നൂറനാട് പോലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചു.

പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും അരമണിക്കൂറിന് ശേഷം വീട്ടുകാരും ഒപ്പമുണ്ടായിരുന്ന മറ്റുചിലരും ചേര്‍ന്ന് കുട്ടിയുടെ തല കുക്കറില്‍ നിന്ന് പുറത്തെടുത്തിരുന്നു. തലയ്ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ച നബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News