തിരുവനന്തപുരം : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കുപ്പിവെള്ളത്തിന് 13 രൂപയായാണ് വില നിശ്ചയിച്ചിരിക്കുന്നത്. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയശേഷം സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ബി ഐ എസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളു.
അനധികൃത കുപ്പിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സര്‍ക്കര്‍ ആലോചിക്കുന്നു. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടിള്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.