ലണ്ടന്‍: ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ സംഭവിച്ച അന്യൂറിസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്രിട്ടനില്‍ വിവിധ സംഗീത പരിപാടികളുമായി പോയതായിരുന്നു ബോംബെ ജയശ്രീ.
രക്തക്കുഴലുകളിലെ തകരാറിനാലോ, രക്തകുഴലുകള്‍ ദുര്‍ബലമാക്കുന്നതിനാലോ രക്ത ധമനികള്‍ വീർക്കുന്ന അവസ്ഥയാണ് അന്യൂറിസം. ജയശ്രീയെ ഇതേ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് റിപ്പോർട്ട്. ബോംബെ ജയശ്രീ നിലവിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും. കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും. ബോംബെ ജയശ്രീയുടെ കുടുംബം ഈ കാലയളവിൽ സ്വകാര്യതയും എല്ലാവരുടെയും അഭ്യർത്ഥിക്കുന്നുവെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ബോംബെ ജയശ്രീയുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളികളയണമെന്നും കുടുംബ വൃത്തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ യോക്കോ ഒനോ ലെനൺ സെന്‍ററിലെ ടംഗ് ഓഡിറ്റോറിയത്തിൽ ബോംബെ ജയശ്രീ പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. കർണാടക സംഗീതജ്ഞയായ ജയശ്രീ പല ഭാഷകളിലും ജനപ്രിയ സിനിമ പിന്നണി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ക്ക് സംഗീത കലാനിധി പുരസ്കാരം പ്രഖ്യാപിച്ചത്.