കൊച്ചി:ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം.കൊച്ചി കപ്പല്‍ശാലയ്‌ക്ക് ഇ മെയില്‍ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. കപ്പല്‍ശാല നല്‍കിയ പരാതയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ അവസാനഘട്ട പരീക്ഷണ യാത്രയും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിക്ക് പിന്നില്‍ ഭീകര ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
കൊച്ചിയില്‍ കപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ അനധികൃതമായി കപ്പല്‍ ശാലയില്‍ ജോലി ചെയ്തത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ലെങ്കില്‍ അഫ്ഗാന്‍ പൗരന്‍ നേരത്തെ പാകിസ്താനില്‍ ജോലി ചെയ്തത് സംശയമുണര്‍ത്തിയിരുന്നു. കപ്പല്‍ശാലയ്‌ക്ക് അകത്തേക്ക് ഇയാള്‍ പ്രവേശിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് കേസ് അന്വേഷണം എന്‍ഐഎയ്‌ക്കു വിടാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.