ചെന്നൈ: തമിഴ് നടന്‍ ഇളയദളപതി വിജയ്യുടെ സാലിഗ്രാമത്തിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുള്ളതായി പോലീസ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം. ഇതേ തുടര്‍ന്ന് നടന്റെ വീട്ടില്‍ അര്‍ധരാത്രി മുഴുവന്‍ നടത്തിയ തിരച്ചിലില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
പിന്നാലെ സന്ദേശം വന്ന നമ്പറിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ വില്ലുപുരം ജില്ലയിലെ മാനസിക വെല്ലുവിളിയുള്ള ഒരു യുവാവിലേക്ക് ചെന്നെത്തി. 21 കാരനായ യുവാവ് ഇതിന് മുന്‍പും ഇത്തരം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. യുവാവിനെ പിടികൂടിയതായും അയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
നേരത്തെ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെ ഇയാള്‍ വിളിച്ചിട്ടുണ്ട്. 100ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം ഫോണ്‍ വയ്ക്കും. ഇതാണ് ഇയാളുടെ പതിവ്.
സ്വന്തമായി ഫോണില്ലാത്ത യുവാവ്, തന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണി നടത്തുന്നത്. യുവാവിന് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം നടന്‍ രജനികാന്തിന്റെ വീട്ടിലും സമാനമായ ഭീഷണി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് അത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.