EntertainmentKeralaNews

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ബോളിവുഡും

മുംബൈ:നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡും. ബോളിവുഡ് സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ ശര്‍മ്മ, നടന്‍മാരായ അലി ഫസല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് പിന്തുണയറിയിച്ചെത്തിയത്. നടിയുടെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി നൽകിയാണ് ഇവർ പിന്തുണ അറിയിച്ചത്.

അതിജീവിതയ്ക്കായി മലയാളസിനിമാലോകം തന്നെ ഒന്നിച്ചെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാരിയര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.

ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ വാക്കുകൾ:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button