ഓര്‍ഡര്‍ ചെയ്തത് 13,000 രൂപയുടെ ഫോണ്‍; അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് കിട്ടിയത് 10 രൂപയുടെ സോപ്പ്!

അങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് ഒടുവില്‍ ലഭിച്ചത് 10 രൂപ വില വരുന്ന രണ്ട് സോപ്പ് കട്ട. അങ്കമാലിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഷിഹാബാണ് ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 28-നാണ് ഷിഹാബ് 13,000 രൂപ വില വരുന്ന ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി ആയാണ് ബുക്ക് ചെയ്തത്.

ഡെലിവറി ബോയിക്കു പണവും നല്‍കി ഹോട്ടലില്‍വച്ചു പൊതി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിനിരയായതായി അറിയുന്നത്. ഫോണിന്റെ ഒറിജിനല്‍ പായ്ക്കറ്റിനകത്ത് പാത്രങ്ങള്‍ കഴുകാനുപയോഗിക്കുന്ന രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. കാഷ് ബില്ലും പായ്ക്കറ്റില്‍ ഉണ്ടായിരുന്നു. തട്ടിപ്പ് മനസിലായ ഉടനെ ഷോപ്പിംഗ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നു ഷിഹാബ് പറയുന്നു.

തട്ടിപ്പ് സംബന്ധിച്ചു ഷിഹാബ് അങ്കമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News