ബെംഗളൂരു: ബെംഗളൂരുവില്‍ 14-കാരിയായ വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസെടുത്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ പിതാവ് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പരാതി നൽകിയത്. എന്നാല്‍, നാളിതുവരെ വിഷയത്തിന്മേൽ ഡ്രൈവര്‍ക്കെതിരായി നടപടികളൊന്നും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
വിഷയം പോലീസില്‍ അറിയിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും പോലീസ് വ്യക്തമാക്കി.ഡിസംബര്‍ 31-ന് രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും പുസ്തകം വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞായിരുന്നു കുട്ടി വീട് വിട്ടിറങ്ങിയത്.
രാത്രി വൈകിയും കുട്ടി തിരിച്ചെത്താതായതോടെ പിതാവ് പോലീസില്‍ പരാതി സമര്‍പ്പിച്ചു. പിന്നാലെ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപം കണ്ടെത്തിയത്.