ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു.
പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്ഡെ, രമണയുടെ പേര് ശുപാര്‍ശ ചെയ്തത്.
ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി.രമണ. 1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.