മലപ്പുറം: പൊന്നാനിയില്‍ ഗർഭിണിക്ക് രക്തം മാറി നല്‍കി. പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്സാന (26)യ്ക്കാണ് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നൽകിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ ഗർഭിണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധം നടത്തുകയായിരുന്നു.
റുക്സാനയെ നിലവില്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറുടെ നിർദേശ പ്രകാരം അല്ല രക്തം കയറ്റിയത്. നഴ്സ് വന്ന് രക്തം കയറ്റുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
രക്തം കയറ്റി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ വിറയല്‍ അനുഭവപ്പെട്ടു. അപ്പോഴേക്കും നഴ്സുമാരും ഡോക്ടർമാരും ഒടിവരുന്നത് കയ്യിലെ സൂചി അഴിച്ച് മാറ്റുന്നതും. അപ്പോഴാണ് ഞങ്ങള്‍ക്ക് സംശയം തോന്നിയതെന്നും മാതാവ് വ്യക്തമാക്കുന്നു.
മരുന്ന് കയറ്റാന്‍ ഡോക്ടർ പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. ആ കുട്ടി പുതിയതായി അവിടെ വന്നതാണ്. മൂന്ന് ദിവസമേ ആയിട്ടുള്ള ജോലി കിട്ടിയിട്ട് എന്നാണ് അറിയാന്‍ സാധിച്ചത്. അറിയാത്തവരെക്കൊണ്ട് ഇതൊന്നും ചെയ്യിക്കേണ്ട ആവശ്യമില്ലാലോ. അറിയുന്ന ആളുകള്‍ വേറെ ഉണ്ടാവുമല്ലോ. എട്ടുമാസം ഗർഭിണിയാണ് എന്റെ മകള്‍. അവളോടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ‘ റുക്സാനയുടെ മാതാവ് റുഖിയ പറയുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിലേക്ക് യു ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.