പനാജി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റനും പ്രതിരോധ താരവുമായിരുന്ന ജെസ്സല്‍ കാര്‍നെയ്‌റോ ക്ലബ്ബ് വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയിലേക്കാണ് താരം ചേക്കേറിയത്. രണ്ട് വര്‍ഷത്തെ കരാറാണ് ഗോവന്‍ ലെഫ്റ്റ് ബാക്കുമായി ബെംഗളൂരു എഫ്‌സി ഒപ്പുവെച്ചതെന്ന് ടൈംസ് ഏഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായ ജെസ്സലുമായി കരാര്‍ നീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തത് എന്നതുകൊണ്ട് രണ്ട് വര്‍ഷത്തെ കരാറുമായി മുന്നോട്ട് വന്ന ബെംഗളൂരു എഫ്‌സിയിലേക്ക് കൂടുമാറാന്‍ ജെസല്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് 2019ലാണ് ജെസ്സല്‍ കാര്‍നെയ്‌റോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒരു വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ജെസ്സല്‍ അരങ്ങേറ്റ സീസണില്‍ തന്നെ ലെഫ്റ്റ് ബാക്കായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. ഇതോടെ താരത്തിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
അടുത്ത മാസം കരാര്‍ അവസാനിക്കാനിരിക്കെയാണ് താരം ബെംഗളൂരുവുമായി കരാറില്‍ ഒപ്പിടുന്നത്. അതിവേഗമാണ് ജെസല്‍ ക്ലബ്ബിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒരാളെന്നതിലുപരി ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമായത്. ക്ലബ്ബിലെ ആദ്യ നാളുകളില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിക്കുന്നത്.
സെര്‍ജിയോ സിഡോഞ്ചയുടെ പരുക്കിനെ തുടര്‍ന്ന് 2020-21 സീസണിലാണ് ജെസ്സല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനാവുന്നത്. 2021-22 സീസണില്‍ ഗോവ ആതിഥേയത്വം വഹിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുമ്പോള്‍ ആരാധകരുടെ സ്വന്തം ‘ക്യാപ്റ്റന്‍ ജെസ്സലാ’യിരുന്നു ടീമിനെ നയിച്ചത്.
It's that time again. Midnight.
— Marcus Mergulhao (@MarcusMergulhao) April 25, 2023
Kerala Blasters captain Jessel Carneiro has signed a two-year contract with Bengaluru FChttps://t.co/7HMZMw9ony
ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ 66 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ടീമിന് വേണ്ടി ആറ് തവണ വല കുലുക്കി. ലെഫ്റ്റ് ബാക്ക് ആയിരുന്നിട്ട് കൂടി ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഓടിയെത്താനുള്ള ജെസ്സലിന്റെ കഴിവ് ടീമിന് കരുത്ത് പകര്‍ന്നു.
ബെംഗളൂരുവിനെതിരെ വിവാദമായ നോക്കൗട്ട് മത്സരത്തിലാണ് ജെസല്‍ അവസാനമായി ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയത്. 76 മിനിറ്റ് കളിച്ച താരത്തെ കോച്ച് ഇവാന്‍ വുകോമനോവിച്ച് പിന്‍വലിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍ കപ്പിലും താരത്തിന് കളിക്കാനായില്ല.
🚨 | Kerala Blasters FC captain Jessel Carneiro has moved to arch-rivals Bengaluru FC on a two-year contract. [@MarcusMergulhao, TOI] #IndianFootball pic.twitter.com/r4ZbQzgLu2
— 90ndstoppage (@90ndstoppage) April 25, 2023