NationalNews

പടക്ക സംഭരണശാലയിൽ തീപ്പിടുത്തം,മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഹാവേരി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. വെയർഹൗസിനുള്ളിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജില്ലയിലെ ഹവേരി-ഹനഗൽ മെയിൻ റോഡിലെ ആലടകട്ടി ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. കടേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ദ്യാമപ്പ ഒലേകർ (45), രമേഷ് ബാർക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് മരിച്ചത്.  

ഉത്സവ സീസണിൽ, പ്രത്യേകിച്ച് വരാനിരിക്കുന്ന ഗണേശ ചതുർത്ഥി, ദസറ, പ്രധാനമായും ദീപാവലി ആഘോഷങ്ങള്‍ക്കായാണ് സംഭരണശാലയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. മരിച്ച മൂന്ന് പേർക്കൊപ്പം ഗോഡൗണിലുണ്ടായിരുന്ന യുവാവ് മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, വീഴ്ചയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദാവൻഗരെ ജില്ലയിലെ ഹരിഹര സ്വദേശിയായ യുവാവ് ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഒരാള്‍ക്ക് കൂടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഹാവേരിയിലെ പൊലീസ് സൂപ്രണ്ട് ഡോ. ശിവകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോഡൗണിന്റെ ഷട്ടറുകളും ഗേറ്റുകളും വെൽഡിംഗ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്‌ഫോടകവസ്തുക്കളിലേക്ക് തീപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മണി വരെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തീ അണയ്ക്കാനായത്. വിവരമറിഞ്ഞ മുഖ്യമന്ത്രി  സിദ്ധരാമയ്യ ഉടൻ  ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ തംഗദഗിയോട് പ്രദേശത്ത് പോകാൻ നിര്‍ദേശിച്ചിരുന്നു. മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button