മൂന്നാര്‍: മൂന്നാറിലെ സെവന്‍ മലയില്‍ കരിമ്പുലി ഇറങ്ങി. ജര്‍മനിയില്‍ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ട്രക്കിങ്ങിനായി ഇവര്‍ക്കൊപ്പം പോയ ടൂറിസ്റ്റ് ഗൈഡുമാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.
രാവിലെ പുല്‍മേടുകള്‍ക്കിടയിലായാണ് കരിമ്പുലി ഉണ്ടായിരുന്നത്. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കരിമ്പുലി പുല്‍മേടുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. വളരെ അപൂര്‍വമായാണ് കേരളത്തില്‍ കരിമ്പുലിയെ കാണുന്നത്.
മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിടിടിവി ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയും ഇതുതന്നെയാണെന്നാണ് നിഗമനം.. രാജമലയും സെവന്‍ മലയും തമ്മില്‍ അധികം ദൂരമില്ല. കരിമ്പുലിയെ കണ്ട വാര്‍ത്തയറിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.