കവരത്തി: ലക്ഷദ്വീപില്‍ ബി.ജെ.പി ഓഫീസുകളില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകള്‍ക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്‌ളക്സുകള്‍ക്കും നേരെയുമാണ് പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്ചത്.
പ്രഫുല്‍ ഗോഡ പട്ടേല്‍ ഇന്ന് രാവിലെ 9 മണിക്ക് സന്ദര്‍ശനം മതിയാക്കി ദിലീപില്‍ നിന്നു മടങ്ങാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. കരി ഓയില്‍ ഒഴിച്ചവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും. നാളെ കവരത്തി പോലീസിന് മുന്നില്‍ ഹാജരാകാനാണ് ആയിഷയോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമര്‍ശം എന്നീ വകുപ്പുകളില്‍ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.