ന്യൂഡൽഹി: കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎൻഎക്സ് മീഡിയ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. കർണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനായ കാർത്തി തമിഴ്നാട് ശിവഗംഗയിൽ നിന്നുള്ള എംപിയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് പി.ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കേസ്.
നിയമവിരുദ്ധമായി ഐഎൻഎക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പണം സ്വീകരിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തന്റെ കുടുംബത്തിനുനേരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റിൽ പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2007 ൽ വിദേശത്തുനിന്നും നിയമവിരുദ്ധമായി 305 കോടി രൂപ സമാഹരിച്ചുവെന്നാണ് കേസ്.