സിൽവർലൈൻ അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു? പ്രതീക്ഷ നൽകി കേന്ദ്ര റെയിൽവേ മന്ത്രി, മുഖ്യമന്ത്രിയുമായി ഉടന്‍ ചർച്ച
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സിൽവർ ലൈൻ പദ്ധതിയിലും പ്രതീക്ഷ നൽകി.
സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര റെയിൽവേ മന്ത്രി, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയത്.
നിരവധി റെയിൽവെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുമെന്നാണ് റെയിൽവെ മന്ത്രി വ്യക്തമാക്കുന്നത്. രണ്ട് ഘട്ടമായി ട്രാക്കുകൾ വികസിപ്പിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ഒന്നാം ഘട്ടം ഒന്നര വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാകും. ഇതോടെ വന്ദേഭാരത് 110 കിലോമീറ്റർ വേഗത കൈവരിക്കും. രണ്ടാംഘട്ടമാകുന്നതോടെ 130 കിലോമീറ്റർ വേഗത കൈവരിക്കും. രണ്ടാം ഘട്ടം രണ്ട് മുതൽ മൂന്നപ വർഷം കൊണ്ട് പൂർത്തിയാകും.
നിരവധി വളവുകൾ നികത്തേണ്ടതുണ്ട്. അതിന് സ്ഥലമേറ്റെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടാഘട്ടത്തിൽ കാലതാമസമെടുക്കുന്നതെന്നും റെയിൽവെ മന്ത്രി വ്യക്തമാക്കി. ഭാവിയിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ കേരളത്തിൽ ഒരു വന്ദേഭാരത് എക്സ്പ്രസ് മാത്രമാണ് അനവദിച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ കൂടുതൽ ട്രെയിനുകൾ അനുവദിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.
നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.