നിലമ്പൂരിൽ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി; യുവാവ് കസ്റ്റഡിയില്‍

എടക്കരയില്‍ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി; ഒരാള്‍ കസ്റ്റഡിയില്‍

നിലമ്പൂര്‍: എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ച വഴിക്കടവ് സ്വദേശി ഫൈസലിനെ എടക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

എടക്കരയില്‍ എല്‍ഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരേ ഫൈസല്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി വേദിയില്‍നിന്നിറങ്ങി വാഹനത്തില്‍ കയറിയതിന് പിന്നാലെയായിരുന്നു സംഭവം.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും ഓടിക്കൂടി. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നുമാണ് ഫൈസലിന്റെ മൊഴി. ഇയാള്‍ക്കെതിരേ കലാപശ്രമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News