കൊല്ലം: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാക്കുകള്‍. 35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്നായിരുന്നു ആ വാക്കുകള്‍. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരായ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഇന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. വിശദീകരിക്കുകയും ചെയ്തു.
140 അംഗ നിയമസഭയാണ് കേരളത്തിലേത്. 71 അംഗങ്ങളുള്ള പാര്‍ട്ടിക്കോ മുന്നണിക്കോ ആണ് ഭരിക്കാന്‍ സാധിക്കുക. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് 35 സീറ്റുമായി ഭരിക്കുക എന്ന ചോദ്യമാണ് പല കോണില്‍ നിന്നും ഉയര്‍ന്നത്. കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം നടന്നതിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
കൊല്ലത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ, താന്‍ പറഞ്ഞ വാക്കുകള്‍ പിന്നിലെ കണക്കുകള്‍ കൂടി സുരേന്ദ്രന്‍ വിശദീകരിച്ചു. 35 സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ കേരളം ഭരിക്കുമെന്ന് താന്‍ ഇന്നും പറയുന്നു എന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ബിജെപിക്ക് 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്. 35 സീറ്റ് എന്‍ഡിഎക്ക് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.
”ഞാന്‍ പറഞ്ഞ 35 സീറ്റിലെ വോട്ട് വിഹിതം പരിശോധിച്ചോളൂ. ആ സീറ്റുകളിലെല്ലാം എന്‍ഡിഎ പ്രബല ശക്തിയാണ്. 25000ത്തിനും 72000ത്തിനുമിടയില്‍ വോട്ടുകളുള്ള 35 മണ്ഡലങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുന്നു. 35 സീറ്റ് കിട്ടിയാല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും എന്‍ഡിഎയിലേക്ക് ഒഴുക്കുണ്ടാകുമെന്നും” സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ തവണ മിസ്സായി. എന്നാല്‍ പറഞ്ഞത് മാറ്റിപ്പറയുന്നില്ല. എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള കക്ഷികളെല്ലാം സംതൃപ്തരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഇരുമുന്നണികളിലെയും പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ ഒരു ഒപ്ഷനു വേണ്ടി കാത്തിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒപ്ഷന് വേണ്ടി കാത്തിരിക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒപ്ഷന്‍ ഉയര്‍ന്നുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ മാറ്റമുണ്ടാകുമെന്ന് സംശയമില്ല. കേരളം നരേന്ദ്ര മോദിക്ക് ബാലികേറാ മലയല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലെ പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ കഴിഞ്ഞു. ഈ മാസം അവസാനത്തോടെ മുഴുവന്‍ സീറ്റിലെയും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച അന്തിമ ചിത്രം തെളിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആര് മല്‍സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. ബിജെപി വലിയ പ്രതീക്ഷയിലാണ്. ശക്തമായ മല്‍സരം ഇത്തവണയുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന യാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കുക, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.