ന്യൂഡൽഹി രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപി. അടുത്ത മാസം 6 മുതൽ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്തും. രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തും.
മാപ്പ് പറയാത്ത രാഹുലിന്റെ നിലപാട് ചോദ്യം ചെയ്യുമെന്നുമാണ് വിവരം. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വാദം ഉന്നയിച്ചായിരിക്കും കോൺഗ്രസിനെതിരെ ബിജെപിയുടെ പോരാട്ടം.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്ക രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം തുടരും. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഈ നീക്കത്തെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയുടെ നീക്കം. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ അവഗണിച്ച് വിട്ടിട്ടും ഡൽഹിയിലും പഞ്ചാബിലും എഎപി ഭരണം പിടിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ തീരുമാനം. രാഹുൽ ഗാന്ധിയെ അവഗണിച്ച് വിട്ടാൽ അദ്ദേഹം കൂടുതൽ സ്വീകാര്യത നേടുമെന്ന് ബിജെപി കരുതുന്നുണ്ട്. അതിനാലാണ് രാജ്യവ്യാപകമായി രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ലെന്നാണ് വിവരം. അങ്ങിനെ വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിച്ചേക്കും.
അതിനാൽ രാഹുൽ ഗാന്ധിയുടെ അപ്പീലിലെ വിധി അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനറെ തീരുമാനം എന്നാണ് സൂചന. എന്നാൽ ദില്ലിയിലെ ഔദ്യോഗിക വസതി രാഹുൽ ഗാന്ധി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും ലോക്സഭാ സ്പീക്കർ നോട്ടീസ് നൽകുക.