റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയോടെ ബിജെപിക്ക് ഒറ്റവര്‍ഷത്തിനുള്ളില്‍ നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍,
ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നത്.മഹാരാഷ്ട്രയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാല സഹായിക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഭരണം നഷ്ടപ്പെടുമായിരുന്നു.മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ അങ്ങേയറ്റം പോയെങ്കിലും ഭരണം പിടിയ്ക്കാനായില്ല.
ദേശീയ പൗരത്വനിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി രാജ്യവ്യാപക
പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്.രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഷം കൂടിയായിരുന്നിട്ടും സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വസിയ്ക്കാനുള്ളത്. ഇവിടെയും ശത്രുപാളയത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവരാണ് ബി.ജെ.പിയ്ക്ക് തുണയായത്.
പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീന്റെ പ്രത്യേക പദവി എന്നിവയായിരുന്നു ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ പ്രധാന തരെഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍.നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു.ദേശീയ തലത്തില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചമബംഗാളുമടക്കമുള്ള സംസ്ഥാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതും തിരിച്ചടിയാണ്.കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ കൂടുതല്‍ വഷളായി മാറുന്നതിനിടെയാണ് സംസ്ഥാന ഭരണം ഓരോന്നായി നഷ്ടപ്പെടുന്നത്.