ന്യൂഡൽഹി : ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ന്യായീകരണവുമായി ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനാണെന്നും സർക്കാർ ഏജൻസികളിപ്പോൾ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് റെയ്ഡിനെ കുറിച്ച് ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പ്രതികരിച്ചത്.
എല്ലാ സ്ഥാപനങ്ങൾക്കും അവസരങ്ങൾ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ രാജ്യം നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇൻകംടാക്സ് വിഭാഗം അവരുടെ ജോലി ചെയ്യട്ടെ, ബിബിസി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ഭയക്കുന്നതെന്തിനെന്ന ചോദ്യവും ബിജെപി ഉയർത്തി.
ബിബിസിയിലെ റെയ്ഡിനെതിരെ രംഗത്തെത്തിയ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ച കാലവും ബിജെപി ഓർമ്മിപ്പിച്ചു.
2002ലെ ഗുജറാത്ത് കലാപവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പുറത്ത് വന്നതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ഇൻകംടാക്സ് വിഭാഗം പരിശോധനക്കെത്തിയത്. രാവിലെ 11:30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ ഭാഷ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നതായാണ് വിവരം.