ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.
മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്.
തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ഐർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോണ്‍ഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.
ഇലക്ടറൽ ബോണ്ട് വഴി ഏറ്റവുമധികം സംഭാവന നൽകിയത് ഒരേ ബിസിനസ് ഗ്രൂപ്പ്. തെലങ്കാന ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും 2 അനുബന്ധ കമ്പനികളും കൂടി ചേർന്ന് ബിജെപിയിലും കോൺഗ്രസിലുമായി നടത്തിയിരിക്കുന്ന ഫണ്ടിങ് 1,034 കോടി രൂപയുടേതാണ്. കോൺഗ്രസിനെ (320 കോടി) അപേക്ഷിച്ച് രണ്ടിരട്ടി തുകയാണ് ഈ കമ്പനികൾ ബിജെപിക്ക് (714 കോടി) നൽകിയത്.
വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ എന്നിവയാണു മേഘ എൻജിനീയറിങ്ങിന്റെ അനുബന്ധ കമ്പനികൾ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്വിക്സപ്ലൈ ചെയിനാണ് ബിജെപിയുടെ രണ്ടാമത്തെ വലിയ ഇലക്ടറൽ ബോണ്ട് ഫണ്ടർ. സുപ്രീം കോടതി നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടിന്റെ സമ്പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതോടെ, വാങ്ങിയ ഓരോ ബോണ്ടും ഏത് പാർട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമായി.
ബോണ്ടിന്റെ രഹസ്യ ആൽഫാന്യൂമറിക് കോഡ് അടക്കമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രിൽ 12നു ശേഷമുള്ള ഡേറ്റയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘ഫ്യൂച്ചർ ഗെയിമിങ്’ കൂടുതൽ നൽകിയത് തൃണമൂലിന്
2019 ഏപ്രിലിനു ശേഷം ഏറ്റവും കൂടുതൽ തുക ഇലക്ടറൽ ബോണ്ടായി നൽകിയ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് ഏറ്റവും കൂടുതൽ തുക നൽകിയ തൃണമൂൽ കോൺഗ്രസിനാണ്: 542 കോടി രൂപ.
ഫ്യൂച്ചർ ഗെയിമിങ് മറ്റ് പാർട്ടികൾക്ക് നൽകിയ തുകകൾ ഇങ്ങനെ:
ബിജെപി: 100 കോടി, കോൺഗ്രസ്: 50 കോടി , ഡിഎംകെ: 503 കോടി, വൈഎസ്ആർ കോൺഗ്രസ് പാർട്ടി: 154 കോടി, സിക്കിം ക്രാന്തികാരി മോർച്ച: 11 കോടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്: 5 കോടി