പനാജി : ഗോവയിൽ നിയമസഭാ സമ്മേളനം നടക്കാനിരിക്കെയുണ്ടായ വിമത നീക്കം പാളി. കോൺഗ്രസിൽ നിന്നും എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമം വിമതരുടെ നീക്കം പരാജയപ്പെട്ടു. കോൺഗ്രസിന്റെ പതിനൊന്ന് എംഎൽഎമാരിൽ പത്ത് പേരും നിയമസഭയിൽ ഹാജരായി. അസുഖബാധിതനായതിനാൽ ഒരാൾ എത്തിയില്ല. മൂന്നിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസിൽ നിന്നും അടർത്തി മാറ്റാനുള്ള വിമതരുടെ നീക്കം ഇതോടെ പരാജയപ്പെട്ടു.
ബിജെപിയിലേക്കില്ലെന്ന് വിമത നേതാക്കളായ ദിഗംബർ കാമത്തും മൈക്കൽ ലോബോയും വ്യക്തമാക്കി. മൈക്കൽ ലോബോയെ ഇന്നലെ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈകീട്ട് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കും.
നിയമസഭാ സമ്മേളനം തുടങ്ങാനാരിക്കെയാണ് ഗോവയില്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം ഉയർന്നത്. പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ അടക്കം നാല് എംഎൽഎമാർ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ വസതിയിലെത്തി ചർച്ച നടത്തി. ഇതോടെ കോൺഗ്രസ് വാർത്താ സമ്മേളനം വിളിച്ച് മൈക്കൾ ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റി. കോടികൾ നൽകി കോൺഗ്രസ് എംഎൽഎമാരെ ബിജെപി വിലയ്ക്ക് വാങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ആകെയുള്ള 11 എംഎൽഎമാരിൽ അഞ്ചുപേരായിരുന്നു പിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതോടെ എംഎൽഎമാർ മറു കണ്ടം ചാടുമെന്ന് ഉറപ്പായി. എന്നാൽ പിന്നാലെ സ്ഥിതിഗതികൾ മാറി മറിഞ്ഞു. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പ് പല എംഎൽഎമാരും തന്നെ കാണാൻ വരാറുണ്ടെന്നാണ് മൈക്കൽ ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.