പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരം രാവിലെ ഒന്‍പത് മണിക്ക് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ വിവിധ സാമൂഹീക സംഘടനകളും സമരവുമായി രംഗത്തുണ്ട്. സ്ത്രീകളും കുട്ടികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മണ്‍ ചിരാതുകള്‍ തെളിയിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു.
വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ തുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതോടെയാണ് കടുത്ത പ്രതിഷേധമുയരുന്നത്. അതെ സമയം ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും. വാളയാര്‍ കേസിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. നിയസമഭയില്‍ വിഷയം ഉന്നയിക്കുന്നതിനൊപ്പം പുറത്ത് പ്രതിഷേധവും ശക്തമാക്കും. നവംബര്‍ അഞ്ചിന് പാലക്കാട് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.