ഭര്‍തൃവീട്ടുകാരുടെ പീഡനം; ബി.ജെ.പി എം.പിയുടെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നൗ: ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് ബി.ജെ.പി എം.പിയുടെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു.പിയിലെ കൗശല്‍ കിഷോര്‍ എം.പിയുടെ മരുമകള്‍ അങ്കിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അങ്കിത ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയില്‍ ബാന്‍ഡേജുമായി ആശുപത്രി കിടക്കയിലിരിക്കുന്ന അങ്കിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

ആത്മഹത്യ ശ്രമത്തിന് മുമ്പ് അങ്കിത സമൂഹ മാധ്യമങ്ങളില്‍ രണ്ടുവിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് ആയുഷ്, എം.പി കൗശല്‍ കിഷോര്‍, ഭര്‍തൃമാതാവും എം.എല്‍.എയുമായ ജയ് ദേവി, ആയുഷിന്റെ സഹോദരന്‍ എന്നിവര്‍ക്കാണ് തന്റെ മരണത്തിന്റെ ഉത്തരവാദിത്തമെന്നും ഒരു വിഡിയോയില്‍ അങ്കിത പറയുന്നു. ആയുഷ് തന്നെ ഒറ്റിക്കൊടുത്തുവെന്നും വിഡിയോയില്‍ അങ്കിത ആരോപിച്ചു. മോഹന്‍ലാല്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തില്‍നിന്നുള്ള എം.പിയാണ് കൗശല്‍ കിഷോര്‍. ആശുപത്രിയില്‍ അങ്കിതയുടെ സുരക്ഷക്കായി വനിത പോലീസുകാരെ നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷമായിരുന്നു അങ്കിതയുടെയും ആയുഷിന്റെയും പ്രണയവിവാഹം. ഇരുവരുടെയും ബന്ധത്തില്‍ കുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ലക്‌നൗവില്‍ തന്നെ വാടക വീടെടുത്തായിരുന്നു ഇരുവരുടെയും താമസം. മാര്‍ച്ച് മൂന്നിന് ആയുഷിന് വെടിയേറ്റ് പരിക്കേറ്റിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയുഷിന്റെ നാടകമാണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍നിന്ന് മുങ്ങിയ ആയുഷിനെ മന്‍ഡിയോന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News