ഭോപാൽ∙ തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ മുഴുവൻ പാർട്ടി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചെന്നു മധ്യപ്രദേശിലെ ബിജെപി എംഎൽഎ. സ്വന്തം പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണു ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി ഉന്നയിക്കുന്നത്. മൈഹാര്‍ മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യവും വസ്ത്രങ്ങളും പണവും വിതരണം ചെയ്തെന്നും പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെന്നും ത്രിപാഠി ആരോപിച്ചു.
‘ഞാനൊരിക്കലും ബിജെപിക്ക് എതിരല്ല, പക്ഷേ സംഭവിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. മൈഹാര്‍ പ്രദേശം സന്ദര്‍ശിച്ച എനിക്ക് കാണാന്‍ കഴിഞ്ഞത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ഒരു പ്രത്യേക പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നതായാണ്. ഉദ്യോഗസ്ഥരെല്ലാം ബിജെപിക്കു വേണ്ടി വോട്ട് ശേഖരിക്കുന്നതിനായാണു പ്രവര്‍ത്തിക്കുന്നത്. ഞാനൊരു ബിജെപി എംഎല്‍എയാണ്. പക്ഷേ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിഷമവും അസ്വസ്ഥതയും തോന്നുന്നു.
ഈ രാജ്യത്ത് ഇന്ന് 2 മിനിറ്റിനുള്ളിൽ ഒരു സർക്കാരിനെ താഴെയിറക്കാൻ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കുന്നത്. ഈ പ്രവണത നല്ലതല്ല. മൈഹാർ തെരഞ്ഞെടുപ്പിൽ മദ്യവും പണവും സാരിയും വിതരണം ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറായില്ല. നിയമവും ശിക്ഷയും പാവപ്പെട്ട സ്ഥാനാർഥികൾക്കു മാത്രമാണ്. പണക്കാർക്ക് ഇതൊന്നും ബാധകമല്ല’ – നാല് തവണ എംഎൽഎയായ നാരായണൻ തുറന്നടിച്ചു.
ബിജെപിയെ സഹായിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനും ശാപമാണെന്നും മധ്യപ്രദേശിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സത്യം പറയാൻ ധൈര്യപ്പെട്ട ഒരാളെങ്കിലും ബിജെപിയിലുണ്ടല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. ‘അഭിനന്ദനങ്ങളും നന്ദിയും നാരായൺ ത്രിപാഠിജി. ആയിരക്കണക്കിനു സ്ഥാനാര്‍ഥികളുടെ വേദന നിങ്ങള്‍ തുറന്നു കാട്ടി. ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് ഓഫിസർമാർ പരസ്യമായി വെല്ലുവിളിക്കുകയാണ്.’ ദിഗ്‌വിജയ് സിങ് കൂട്ടിച്ചേർത്തു.
2020ൽ സിഎഎയ്ക്കെതിരെ സ്വന്തം പാർട്ടിയെ വിമർശിച്ച് രംഗത്തുവന്നയാളാണ് ത്രിപാഠി. സിഎഎ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുമെന്നും ത്രിപാഠി കൂട്ടിച്ചേർത്തു. 16 മുനിസിപ്പാലിറ്റികളിലേക്കും 99 നഗർ പാലിക പരിഷദിലേക്കും 298 നഗർ പരിഷദിലേക്കും രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടം ജൂലൈ ആറിനു നടന്നു. രണ്ടാം ഘട്ടം 13നാണ് നടന്നത്. 17നാണ് വോട്ടെണ്ണൽ.