ശ്രീലങ്ക: ഗോട്ടബയ രാജപക്സെ രാജിവച്ചു; രാജിക്കത്ത് ഇമെയിലിൽ സ്പീക്കർക്ക് അയച്ചു
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിക്കത്ത് അയച്ചുവെന്ന് റിപ്പോർട്ട്. പാർലമെന്റ് സ്പീക്കർ മഹിന്ദ അബെ വർധനയ്ക്ക് ഇമെയിൽ വഴിയാണ് രാജിക്കത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം, കത്ത് യഥാർഥത്തിലുള്ളതാണോ എന്നും അതിന്റെ നിയമവശവും പരിശോധിക്കുകയാണെന്ന് സ്പീക്കറുടെ ഓഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജിക്കത്ത് ലഭിച്ച കാര്യം സ്പീക്കറും സ്ഥിരീകരിച്ചു.
അതിനിടെ, ഗോട്ടബയ രാജിവച്ചതായി മാലദ്വീപ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് നഷീദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാലദ്വീപിന്റെ മുൻ പ്രസിഡന്റുകൂടിയായ നഷീദ് ആണ് രാജപക്സെയ്ക്ക് ശ്രീലങ്കയിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ തുറന്നുകൊടുത്തത്.
ആയിരങ്ങൾ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് ജൂലൈ 13ന് രാജിവയ്ക്കുമെന്ന് ഗോട്ടബയ അറിയിക്കുകയായിരുന്നു. എന്നാൽ രാജിവയ്ക്കാതെ ലങ്കയിൽനിന്ന് ആദ്യം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കുമാണ് ഗോട്ടബയ രക്ഷപ്പെട്ടത്. മാലദ്വീപിന് രക്ഷപ്പെട്ടതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഗോട്ടബയ നിയമിച്ചിരുന്നു. സർവകക്ഷി സർക്കാർ അധികാരമേറ്റെടുക്കുന്നതിനു പിന്നാലെ രാജിവയ്ക്കാൻ തയാറാണെന്നാണ് റനിലിന്റെ നിലപാട്.