‘എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു; പിന്നീട് എടുത്തുമാറ്റുന്നു’10 വയസുകാരനെ ഉപയോഗിച്ചുള്ള എം.ഡി.എം.എ കടത്തില്‍ മാതാവിന്റെ മൊഴിപ്രകാരം ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

പത്തനംതിട്ട: തിരുവല്ലയില്‍ പത്ത് വയസ്സുകാരന്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ കച്ചവടം നടത്തിയ പിതാവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്ട്രര്‍ ചെയ്തു. ബാലനീതി നിയമപ്രകാരം തിരുവല്ല പൊലീസാണ് കേസെടുത്തത്. മാതാവിന്റെ മൊഴിപ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ പിതാവ് ലഹരി വില്പനയ്ക്ക് ഉപയോഗിച്ചതായി മാതാവ് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തത്.

മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് വില്‍പ്പന നടത്തിയ കേസിലാണ് തിരുവല്ല സ്വദേശിയെ ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ലഹരിവില്‍പ്പനയ്ക്കിടെ പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ പിതാവ്മറയാക്കിയിരുന്നത്.

പത്തുവയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലും, കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. ബാലനീതി നിയമപ്രകാരമുള്ളതാണ് പുതിയ കേസ്.

പ്രതി നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച തിരുവല്ല കോടതിയില്‍ സമര്‍പ്പിക്കും. മകന്റെ ശരീരത്തില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഒട്ടിച്ചശേഷം കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പ്പനയ്ക്കുപോവുകയായിരുന്നു പ്രതിയുടെ പതിവ്. എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസ്സിലാക്കിയിരുന്നത്.

ബൈക്കിലും കാറിലും പത്തു വയസ്സുകാരനുമായി സഞ്ചരിച്ചായിരുന്നു മയക്ക് മരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. മയക്കുമരുന്ന് കച്ചവടത്തിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഏജന്റുമാരായും ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 3.5 ഗ്രാമില്‍ അധികം എംഡിഎംഎയും പ്രതിയില്‍നിന്ന് പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News