31.7 C
Kottayam
Thursday, May 2, 2024

സര്‍ക്കാര്‍ നല്‍കിയ കിറ്റിന് അണുബോംബിന്റെ ശക്തി, പിണറായി മുടിയനായ പുത്രന്‍; ആക്ഷേപിച്ച് പികെ കൃഷ്ണദാസ്

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി കെ കൃഷ്ണദാസ്. കഴിഞ്ഞ ആറ് വര്‍ഷ കാലത്ത് ദുര്‍ഭരണത്തിലൂടെ കേരളത്തെ കുത്തുപാള എടുപ്പിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണ് എന്നാണ് പി കെ കൃഷ്ണദാസ് പറഞ്ഞത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇടത് ജനദ്രോഹ ഭരണത്തിനെതിരെ എന്‍ ഡി എ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തരം സര്‍ക്കാര്‍ നല്‍കിയ കിറ്റാണ് സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായും നശിപ്പിച്ചത്. സംസ്ഥാനം ഇതുവരെ ഇതുപോലൊരു തകര്‍ച്ചയെ നേരിട്ടിട്ടിട്ടില്ല, പി കെ കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ പ്രളയാനന്തരം നല്‍കിയ കിറ്റാണ് സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായും നശിപ്പിച്ചത് എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്നും കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തിയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സര്‍വനാശമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിന്‍ ഉള്ളില്‍ സംഭവിച്ചത് എന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഇതുപോലെ പ്രതിസന്ധി നേരിട്ട ചരിത്രം കേരളത്തിന് ഉണ്ടായിട്ടില്ല എന്നും കൃഷ്ണദാസ് പറഞ്ഞു. ഒരു മേഖലയില്‍ പോലും സംസ്ഥാനത്തിന് വളര്‍ച്ചയുണ്ടാക്കാനായിട്ടില്ലെന്നും സേവന കാര്‍ഷിക സാമ്പത്തിക മേഖലകള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോടുള്ള ഏക ആവശ്യം കടം വാങ്ങാനുള്ള അനുമതി നല്‍കണമെന്നതാണ് എന്നും അദ്ദേഹം പരിഹസിച്ചു.

പണി എടുത്തവര്‍ക്ക് കൂലി നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് കെ എസ് ആര്‍ ടി സി വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കത്തിന് ലക്ഷങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍, പാലാരിവട്ടം പാലംപണിത രണ്ടാം ഇബ്രാഹിം കുഞ്ഞായി മാറിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഇത്രയേറെ ഐക്യപ്പെട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ് എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

നേരത്തേയും പിണറായി വിജയനെതിരായ വ്യക്തിപരമായ അധിക്ഷേപവുമായി പി കെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. മത ഭീകരപ്രവര്‍ത്തനത്തിന്റെ കണ്‍ട്രോള്‍ റൂമായി കേരളം മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി തീവ്രവാദ ശക്തികളുടെ അമീര്‍ ആയന്നും കഴിഞ്ഞ ആഴ്ച കൃഷ്ണദാസ് പറഞ്ഞിരുന്നു. തീവ്രവാദ സംഘടനകള്‍ കശ്മീര്‍ വിട്ട് കേരളത്തില്‍ താവളമുറപ്പിച്ചിരിക്കുകയാണ് എന്നും സംസ്ഥാനത്തെ ഇത്ര സ്‌ഫോടനാത്മകമായ സാഹചര്യത്തിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്.

ആക്രമണ സംഭവങ്ങളുടെയെല്ലാം വേര് എത്തിച്ചേരുന്നത് കേരളത്തിലാണെന്നും ഗൂഢാലോചന, ആയുധനിര്‍മ്മാണം, പരിശീലനം, റിക്രൂട്ട്‌മെന്റ് എന്നിവ കേരളത്തില്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. തീവ്രവാദ ബന്ധമുള്ള കേസുകള്‍ അട്ടിമറിക്കപ്പെടുകയും ദുര്‍ബലപ്പെടുത്തുകയും പാതിവഴിയില്‍ ഉപേക്ഷിക്കുകയുമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് നെല്ലിക്കോട്ട് വെടിയുണ്ടയും ആയുധപരിശീലനത്തിന്റെ തെളിവുകളും കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യദ്രോഹ ശക്തികളെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതിന് ഭാവിയില്‍ കേരളം വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പി കെ കൃഷ്ണദാസ് നല്‍കിയിരുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിനും പാക് ബന്ധമുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തീവ്രവാദബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week