ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ബിജെപി നേതാവ് സമ്പിത് പത്ര. റിഹാനയ്ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും കര്‍ഷകരെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനും റിഹാനയ്ക്കും കര്‍ഷകരെക്കുറിച്ചോ വിളകളെ കുറിച്ചോ ഒന്നും അറിയില്ല. എന്നാല്‍ രണ്ടു പേരും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു. ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടപ്പോള്‍ ഈ ആളുകള്‍ എവിടെയായിരുന്നു. എന്തുകൊണ്ടാണ് ഈ അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്യാതിരുന്നത്.
ജനുവരി 26 ന് ഡല്‍ഹി പോലീസിന് വാളുകൊണ്ട് പരിക്കേറ്റപ്പോള്‍ അവര്‍ ട്വീറ്റ് ചെയ്‌തോ, ഈ അന്താരാഷ്ട്ര സാമൂഹിക പ്രവര്‍ത്തകര്‍ ആരും അന്ന് ട്വീറ്റ് ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നത് ഇന്ത്യാ വിരുദ്ധരെ കാണാനാണ്. അത് റിഹാനയായാലും മിയ ഖലീഫയായാലും. ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ്. ഇവയെല്ലാം ദേശവിരുദ്ധ ശക്തികളാണ്- ബിജെപി നേതാവ് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് റിഹാന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചത്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര്‍ സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.