തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കേരള പിറവി ദിനത്തില്‍ സമരശ്യംഖലയുമായി ബിജെപി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാനപാതയിലും 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശ്യംഖലയില്‍ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരശ്യംഖല സംഘടിപ്പിക്കുന്നത്.
സമരത്തിന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒ.രാജഗോപാല്‍ എം.എല്‍.എയും തിരുവനന്തപുരത്ത് ശ്യംഖലയ്ക്ക് നേതൃത്വം നല്‍കും. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിര്‍ന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവര്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ കൊല്ലം, ജോര്‍ജ് കുര്യന്‍ പത്തനംത്തിട്ട, സി.കൃഷ്ണകുമാര്‍ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളില്‍ ശ്യംഖലയില്‍ അണിനിരക്കും.
മയക്കുമരുന്ന് കേസില്‍ ബാംഗൂരില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ചലച്ചിത്രമേഖലയില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടിയ പണം സിനിമാ മേഖലയില്‍ എത്തിയിട്ടുണ്ട്. ചില പുതിയ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃതമായ ഇടപാടുകള്‍ സിനിമാ മേഖലയിലും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.