തിരുവനന്തുപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സീററില്‍ വിജയിച്ച എന്‍ ഡി എ വോട്ട് വിഹിതത്തിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിലൊഴികെ എൻ ഡി എ വോട്ടുവിഹിത്തില്‍ വലിയ വർധനവ് ഉണ്ടായി. കഴിഞ്ഞ തവണ 14.88 ആയിരുന്നു ബി ജെ പിയും ബി ഡി ജെ എസും അടങ്ങുന്ന മുന്നണിയുടെ വോട്ട് വിഹതമെങ്കില്‍ ഇത്തവണ അത് 19.39 ശതമാനത്തിലേക്ക് എത്തി. ബി ജെ പിക്ക് തനിച്ച് 16.83 ശതമാനവും ബി ഡി ജെ എസിന് 2.56 ശതമാനം വോട്ടുമാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇത്തവണ ബി ജെ പിക്ക് ഒരു ലക്ഷം വോട്ട് തികയാത്ത മണ്ഡലങ്ങലെ ആകെ രണ്ടെണ്ണമാണ്. ഇടുക്കി, മലപ്പുറം എന്നിവയാണ് ആ മണ്ഡലങ്ങള്‍. മലപ്പുറത്ത് 85326 വോട്ടും ഇടുക്കിയില്‍ 91323 വോട്ടുമാണ് ലഭിച്ചത്. ഏറ്റവും കുറവ് വോട്ട് ശതമാനവും (7.87) മലപ്പുറത്താണ്. ഇതുവരെ ഒരു ലക്ഷം വോട്ട് തികയ്ക്കാന്‍ സാധിക്കാതിരുന്ന വടകര പോലുള്ള മണ്ഡലങ്ങളില്‍ ഇത്തവണ ആ ചരിത്രം തിരുത്തിയാണ് മുന്നേറ്റം. 1.1 ലക്ഷത്തോളം വോട്ടാണ് വടകരയില്‍ താമര ചിഹ്നത്തില്‍ വീണത്.
വിജയം കുറിച്ച തൃശൂർ മണ്ഡലത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വോട്ട് ബി ജെ പിക്ക് ലഭിച്ചത്. 412338 വോട്ടുകളാണ് ഇവിടെ സുരേഷ് ഗോപി നേടിയത്. നാല് ലക്ഷം കടന്ന ഏക മണ്ഡലവും ഇത് തന്നെ. തിരുവനന്തുപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ട് നേടാനായി. ആലപ്പുഴയില്‍ 299648 വോട്ടാണ് ശോഭ സുരേന്ദ്രന് ലഭിച്ചത്. പത്തനംതിട്ട,പാലക്കാട്, കാസർകോട് എന്നിവയാണ് രണ്ട് ലക്ഷം കടന്ന മറ്റ് മണ്ഡലങ്ങള്‍.
പത്തിലേറെ നിയമസഭ മണ്ഡലങ്ങിലും ബി ജെ പിക്ക് മുന്നേറാനായി. 11 സീറ്റുകളിലാണ് ഇത്തവണ അവർ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് മാത്രമായിരുന്നു ബി ജെ പിക്ക് ലീഡ് ലഭിച്ചത്. ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷമാണ് നേമം ബി ജെ പിക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) എന്നിങ്ങനെയായിരുന്നു ബി ജെ പി ഭൂരിപക്ഷം.
ഒമ്പത് മണ്ഡലങ്ങളില്‍ മുന്നണിക്ക് രണ്ടാമത് എത്താനും സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം , കാസർഗോഡ്, ഗുരുവായൂർ ഇവിടങ്ങളിലാണ് ബി ജെ പിക്ക് രണ്ടാമത് എത്താന്‍ സാധിച്ചത്.