തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കൈകോർത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പങ്കെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇരു പാർട്ടി നേതാക്കളും മുൻപ് വേദി പങ്കിട്ടിരുന്നില്ല. വിഴിഞ്ഞം മുല്ലൂരിൽനിന്നാണ് ലോങ് മാർച്ച് ആരംഭിച്ചത്. കോൺഗ്രസ് വാർഡ് അംഗവും മാർച്ചിൽ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാനാകില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്ന സമരസമിതിക്കു നന്നായി അറിയാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണം നിർത്തിവയ്ക്കാൻ ഒരു സർക്കാരിനും കഴിയില്ല. എൽഡിഎഫ് സർക്കാരായാലും പിന്നീട് വരുന്ന യുഡിഎഫ് സർക്കാരായാലും മറ്റേതെങ്കിലും സർക്കാർ വന്നാലും വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കുകയെന്നത് അസാധ്യമാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്കു വീടുകൾ നിർമിച്ചു നൽകുന്നതുവരെ വാടക കൃത്യമായി നൽകും. 134 പേർക്ക് വാടക തുക കൈമാറിയെന്നും ആനാവൂർ പറഞ്ഞു.
കേന്ദ്രവും–സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നു വി.വി.രാജേഷ് പറഞ്ഞു. നിർമാണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം, കോവളം, വാഴമുട്ടം, പാച്ചല്ലൂർ, തിരുവല്ലം, അമ്പലത്തറ, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
അതിനിടെ, വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് രംഗത്തെത്തി. പൊലീസിനു നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.
ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. ‘‘വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നൽകുന്നതിന് പിന്നിൽ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികൾ തന്നെയാണ്. ഇതിനായി വിദേശ ഫണ്ട് ചില ആളുകൾക്ക് വന്നിരിക്കുകയാണ്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഇൗ സമരത്തിന് പിന്നിൽ. അവരുമായി ബന്ധപ്പെട്ടവർക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയത്’ – ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.