തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് ആരോപിച്ച് ബി.ജെ.പി കൗൺസിൽമാർ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ കോർപ്പറേഷൻ ഹാളിൽ നാടകീയ രംഗങ്ങൾ. മേയർ ആര്യ രാജേന്ദ്രൻ കൗൺസിലിൽ പ്രവേശിക്കുന്നത് തടയാൻ ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണമൊരുക്കാൻ സി.പി.എം കൗൺസിലർമാർ രംഗത്തെത്തിയതോടെയാണ് സംഘർഷഭരിതമായ സാഹചര്യമുണ്ടായത്.
2.30ന് തീരുമാനിച്ചിരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് മേയർ നഗരസഭയിലെത്തിയത്. ഡയസിലേക്ക് പോകുന്ന വഴിയിൽ ബി.ജെ.പി കൗൺസിലർമാർ വഴി മുടക്കി കിടന്നതോടെ മേയർക്ക് ഡയസിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെയാണ് സി.പി.എം കൗൺസിലർമാർ സംരക്ഷണമൊരുക്കിയത്. പിന്നീട് പോലീസ് എത്തിയാണ് മേയറെ ഡയസിലേക്ക് എത്തിച്ചത്. വനിത പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
പോലീസ് സംരക്ഷണയിലാണ് കൗൺസിൽ യോഗം ആരംഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി യോഗം വിജയകരമായി അവസാനിച്ചതായി മേയർ പ്രഖ്യാപിച്ചു. ഈ സമയത്തും കൗൺസിൽ ഹാളിനുള്ളിൽ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു. ദിവസങ്ങളായി ഇതേ വിഷയം ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭയിൽ പ്രതിഷേധിക്കുകയാണ്. മൂന്ന് ദിവസമായി നിരാഹാരസമരവും ആരംഭിച്ചിട്ടുണ്ട്. അജണ്ട പോലും വായിക്കാതെയുള്ള കൗൺസിൽ യോഗം നടത്തിയത് എപ്രകാരമാണെന്ന് ബി.ജെ.പി ചോദിക്കുന്നു.
ബി.ജെ.പിയുടെ ജനാധിപത്യപരമല്ലാത്ത സമരരീതിക്കെതിരെ നഗരസഭ പ്രമേയവും പാസാക്കി. സീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രമേയത്തെ അംഗീകരിക്കില്ലെന്നും ചർച്ച ചെയ്ത് ഒരു പ്രമേയം പാസാക്കാൻ കഴിയുമോ എന്നും ബി.ജെ.പി അംഗങ്ങൾ ചോദിക്കുന്നു. കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെപിയുടെ ആവശ്യം. ആർക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അദാലത്തും നഗരസഭയിൽ പുരോഗമിക്കുന്നുണ്ട്.