KeralaNews

അമ്പലപ്പുഴയിലെ ബി ജെ പി സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു

ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി അനൂപ് ആൻ്റണി ജോസഫിന് മർദ്ദനമേറ്റു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം തിരികെ പോകുന്നതിനിടെ കാർ തടഞ്ഞുനിർത്തി സ്ഥാനാർത്ഥിയെയും ഒപ്പമുണ്ടായിരുന്നവരെയും മർദ്ദിക്കുകയായിരുന്നു. സി പി എം-എൽ ഡി എഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുവമോർച്ചയും ബി ജെ പിയും ആരോപിച്ചു.

മുല്ലയ്ക്കലിൽ രാത്രി 7.30 ഓടെയായിരുന്നു സംഭവം. മർദ്ദനമേറ്റ അനൂപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥിയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.നേരത്തെ പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകത്തിൽ ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി അതിക്രമിച്ച് കയറി പുഷ്പാർച്ചന നടത്തിയത് വിവാദമായിരുന്നു.

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ പ്രതീകമാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. സാധാരണക്കാരായ ആളുകളെ പറഞ്ഞ് പറ്റിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ചെയ്തത്. രക്തസാക്ഷികളായ ആളുകളോടുള്ള ആദര സൂചകമായാണ് താൻ വലിയ ചുടുകാട്ടിൽ പോയി പുഷ്പാർച്ചന നടത്തിയത്. ഇതിനെ നിയമപരമായി നേരിടാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെങ്കിൽ അവർ അതുമായി മുന്നോട്ട് പോകട്ടെയെന്നും സന്ദീപ് വചസ്പതി പറഞ്ഞു.

സംഭവത്തിൽ ഡിജിപിക്കും എസ്പിക്കും സിപിഐ പരാതി നൽകിയിരുന്നു. ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചനയെന്ന് സിപിഐ പറഞ്ഞു. പുലർച്ചെയാണ് ബിജെപി പ്രവർത്തകർ എത്തി പൂട്ട് തല്ലിത്തകർത്ത് പുഷ്പാർച്ചന നടത്തിയത്. ബിജെപി നേതൃത്വം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നികൃഷ്ടമായ നടപടിയാണെന്നും സിപിഐ ആരോപിച്ചു.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വചസ്പതി പറഞ്ഞു. രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button