തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ വിജയം നേടാനുള്ള തന്ത്രങ്ങളൊരുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത് വിജയം ഉറപ്പുള്ള 15 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് ബിജെപിക്ക് കേന്ദ്ര ഘടകം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വന്‍ തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
നേമം,വട്ടിയൂര്‍ക്കാവ്,മഞ്ചേശ്വരം,കാട്ടാക്കട, കോന്നി,അടൂര്‍ തുടങ്ങി 15 മണ്ഡലങ്ങളില്‍ വിജയത്തില്‍ കുറഞ്ഞുള്ള ഒന്നും ബി.ജെ.പിയുടെ മുന്നിലില്ല. അയ്യായിരം മുതല്‍ എണ്ണായിരം വരെ വോട്ടുകള്‍ അധികം നേടാനായാല്‍ ഈ മണ്ഡലങ്ങളില്‍ ജയിക്കാമെന്ന കണക്കൂകൂട്ടലിലാണ് നേതൃത്വം. കേന്ദ്രമന്ത്രിമാരായ. അമിത് ഷാ ,രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ ഈ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
എന്നാൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന ജാഥ കടന്ന് പോകാത്ത ഇടങ്ങളില്‍ പിന്നീട് കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വലിയ റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴെ തട്ടിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പ്രവര്‍ത്തകര്‍ ഈ വോട്ടര്‍മാരെ നിരന്തരം കണ്ട് വോട്ട് ഉറപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈവിട്ട മഞ്ചേശ്വരം ഇത്തവണ പിടിച്ചെടുക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകത്തോട് അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.