സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്‍റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ രാജിപ്രഖ്യാപനം നടത്തിയത്.
”ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്‍റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.” – ഫെബ്രുവരി 12- ന് നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അദ്ദേഹത്തിന് പകരം ആര് ചുമതലയേല്‍ക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയാണ് മോറി. “മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവര്‍ക്ക് ചുരുക്കി സംസാരിക്കാൻ അറിയില്ല”; ഇതായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ടോക്യോ 2020 ഒളിമ്ബിക്സ് കമ്മിറ്റിയിലുള്ള 35 അംഗങ്ങളില്‍ ഏഴ് സ്ത്രീകളാണുള്ളത്. സ്ത്രീകളായ അംഗങ്ങള്‍ സംസാരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുമ്ബോള്‍ താനാണ് അവരെ പ്രോത്സാഹിപ്പിക്കാറുള്ളതെന്ന് മോറി പറഞ്ഞു.
മോറിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി 1,50,000പരുടെ ഒപ്പ് ശേഖരണം നടന്നിരുന്നു. രാജി വെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ടോക്യോ സിറ്റി ഗവര്‍ണറടക്കം പ്രമുഖരും രംഗത്തെത്തി.
ഒളിമ്ബിക്‌സിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ടൊയോട്ടയുടെ പ്രസിഡന്റ് അകിയോ ടൊയോഡ തന്നെ യോഷിറോ മോറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.