കോട്ടയം: കൊവിഡിന്റെ മറവില്‍ ബലാത്സംഗ കേസിലെ വിചാരണ നീട്ടിവയ്ക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം. ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് വിചാരണ കോടതിയില്‍ ഹാജരാകേണ്ടതാണെങ്കിലും ബിഷപ് എത്തിയില്ല.
എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കൊറോണ കാരണമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന് മറുപടി നല്‍കിയത്. അടുത്ത തവണ ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച കോടതി ജൂലായ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
കൊവിഡ് കാരണം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന ബിഷപ് ഫ്രാങ്കോയുടെ വാദവും കോടതി അംഗീകരിച്ചില്ല. നേരത്തെ ബിഷപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 2018 സെപ്തംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.