കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ആന്റണി കരിയിലിനെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത് വത്തിക്കാൻ പ്രതിനിധിക്കു കൈമാറിയെന്നാണ് വിവരം.
ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്റണി കിരിയിലുമായുള്ള കൂടിക്കാഴ്ച്ച. ബിഷപ്പിന്റെ രാജിയോടെ അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി
പ്രഖ്യാപിക്കും.
സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ ബിഷപ്പ് മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്റണി കരിയിലിനെ നേരിൽ കാണുന്നതിന് വത്തിക്കാൻ സ്ഥാനപതി എത്തിയത്.
കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന്‍ അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്.