ചൂടൻ രംഗങ്ങളിൽ ഞെട്ടിച്ച് ബിരിയാണി ട്രെയിലർ

കൊച്ചി: നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അവാർഡുകൾ സ്വന്തമാക്കിയ ബിരിയാണിയുടെ ട്രെയിലർ പുറത്തു വിട്ടു.കനി കുസൃതിയുടെ കരുത്തുറ്റ രംഗങ്ങളാണ് ട്രെയിലറിൻ്റെ ഹൈലൈറ്റ്. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം 26 ന് തിയറ്ററുകളിലെത്തും.

ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.സലിംകുമാർ, സിദ്ധിഖ്, ആസിഫ് അലി എന്നിവരാണ് എഫ് ബി പേജിലൂടെ ട്രെയിലർ പുറത്തു വിട്ടത്.

മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയാണ് കനിയുടെ കഥാപാത്രം. സജിൻ ബാബു തന്നെയാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം കാർത്തിക് മുത്തുകുമാർ, സംഗീത സംവിധാനം ലിയോ ടോം. ഈയിടെ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

അമ്പതിലേറെ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിക്ക് ഇരുപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഐ എഫ് എഫ് കെയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു.

റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ മികച്ച സിനിമക്കുള്ള നെറ്റ് പാക് അവാർഡ് സ്വന്തമാക്കി.

അസ്തമയം വരെ, അയാൾ ശശി എന്നീ സിനിമകളാണ് സജിൻ ബാബു ഇതിന് മുമ്പ് സംവിധാനം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News