ന്യൂഡല്‍ഹി: 2020 വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയത ഭക്ഷണം ബിരിയാണി. ഓരോ സെക്കന്റിലും ഓരോ ബിരിയാണി എന്ന നിലയ്ക്ക് അത്രമാത്രം ഓര്‍ഡറുകളാണ് ബിരിയാണിയ്ക്ക് ലഭിച്ചതെന്നാണ് സ്വിഗി വ്യക്തമാക്കുന്നത്. ചിക്കന്‍ ബിരിയാണിയ്ക്കാണ് ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചത്.
ഓരോ വെജിറ്റബിള്‍ ബിരിയാണിയ്ക്കും ആറ് ചിക്കന്‍ ബിരിയാണി എന്ന ആനുപാതത്തിലാണ് വില്‍പ്പന നടന്നത്. രാജ്യത്തെ ജനങ്ങളുടെ ഇഷ്ട വിഭവം ചിക്കന്‍ ബിരിയാണിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണിതിലൂടെയെന്നും സ്വിഗി വ്യക്തമാക്കി.
പനീര്‍ ബട്ടര്‍ മസാല, മസാല ദോശ, ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടന്‍ ബിരിയാണി എന്നീ ഭക്ഷ്യ വിഭവങ്ങളും ജനങ്ങളുടെ മനസില്‍ ഇടംനേടിയിട്ടുണ്ടെന്ന് സ്വിഗ്ഗിയുടെ കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടതും ഈ വര്‍ഷമാണ്. സ്നാക്സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് പാനിപ്പൂരിയാണ്.
സ്വിഗി വഴിയുള്ള പലചരക്ക് സാധന വില്‍പ്പനയിലും വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. സവാളയാണ് സ്വിഗ്ഗിയിലൂടെ ഏറ്റവും അധികം വിറ്റഴിച്ച പലചരക്ക് സാധനം. 75,000 കിലോ ഉള്ളിയാണ് സ്വഗ്ഗി വിറ്റഴിച്ചത്. നേന്ത്രപ്പഴം, പാല്‍, ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവയും വലിയ അളവില്‍ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.