കൊവിഡ് ബാധിച്ചത് മറച്ചുവെച്ച് മനപൂര്‍വ്വം ഓഫീസിലെത്തി! രോഗം പകര്‍ന്ന് ഏഴുപേര്‍ മരിച്ചു; 300 പേര്‍ ക്വാറന്റൈനില്‍

ഒറിഗോണ്‍: കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ രോഗവിവരം പുറത്തുപറയാതെ ഓഫീസിലെത്തി ജോലി ചെയ്തു. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏഴ് പേര്‍ രണ്ട് ഘട്ടങ്ങളിലായി രോഗം ബാധിച്ച് മരിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കി. അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തിലാണ് സംഭവം.

സൂപ്പര്‍ സ്പ്രെഡ് കൊവിഡ് ബാധയായി ഇതിനെ ഉള്‍പ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യ അധികൃതര്‍ രണ്ട് ഘട്ടമായി രോഗം പൊട്ടിപ്പുറപ്പെട്ടതും ഒരാളില്‍ നിന്നാണെന്ന് കണ്ടെത്തി. ഇയാള്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് അറിയിപ്പ് നല്‍കിയതോടെ ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചതായി ഒറിഗോണ്‍ സംസ്ഥാന അധികൃതര്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടില്ല.

ഏറ്റവും പുതിയ പ്രതിദിന കണക്കനുസരിച്ച് കൊവിഡ് ബാധയില്‍ 1315 കേസുകളാണ് ഒറിഗോണില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37 മരണങ്ങളും. 1347 പേരാണ് ആകെ ഇവിടെ മരണമടഞ്ഞത്. 1,03755 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് അതിവേഗം പടരുന്നതിനാല്‍ രാജ്യത്തെ അതീവ അപകടകരം എന്ന വിഭാഗത്തിലാണ് സംസ്ഥാനം ഉള്‍പ്പെടുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 3 വരെ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹവ്യാപനം അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വലിയ ഭീഷണിയാണ്. രോഗബാധ തടയാന്‍ നിലവില്‍ കമ്ബനികള്‍ അതീവ സുരക്ഷയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം മുന്‍കരുതലെടുത്തിട്ടും രോഗം അമേരിക്കയില്‍ പിടിമുറുക്കുക തന്നെയാണ്. കൊവിഡ് സൂപ്പര്‍ സ്പ്രെഡ് സാഹചര്യമൊരുക്കുന്നത് വിവാഹങ്ങളും അവധിക്കാല പാര്‍ട്ടികളുമാണെന്ന് അധികൃതര്‍ പറയുന്നു. ശാരീരിക അസ്വസ്ഥതകളുള്ളവര്‍ ജോലി ചെയ്യരുതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News