തൃശ്ശൂര്‍: പഠനത്തിനിടെ ചെറിയ പോക്കറ്റ് മണി ഒപ്പിക്കാനായി കാറ്ററിങ് ജോലിക്ക് വന്നതായിരുന്നു പത്തൊമ്പതുകാരന്‍ എ.ആര്‍ റഷിനും. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും തീറ്റമത്സരത്തിലെ വിജയിയായിട്ടാണ് മടങ്ങിയത്. തൃശ്ശൂരില്‍ റപ്പായി ഫൗണ്ടേഷന്‍ നടത്തിയ തീറ്റമത്സരത്തിലെ താരമായി ഈ മാറുകയായിരുന്നു റഷിന്‍.
ബിരിയാണിയായിരുന്നു ഐറ്റം. ഇന്നുവരെ ഒരു തീറ്റ മത്സരത്തിനും പങ്കെടുത്തിട്ടില്ലാത്ത റഷിന്‍, അര മണിക്കൂര്‍ കൊണ്ട് അകത്താക്കിയത് രണ്ടരക്കിലോ ചിക്കന്‍ ബിരിയാണിയാണ്. 5000 രൂപയും ഗിഫ്റ്റ് കൂപ്പണും തേക്കടിയിലേക്ക് രണ്ടു ദിവസത്തെ ഉല്ലാസ യാത്രയുമാണ് റഷിന്‍ കഴിച്ചു സ്വന്തമാക്കിയത്.
ഓരോ കിലോ വീതം ബിരിയാണിയാണ് ഇലയിലേക്ക് ഇട്ടുകൊടുത്തത്. പ്രൊഫഷണല്‍ തീറ്റക്കാരന്റെ ശൈലിയില്‍ തന്നെ ബിരിയാണിക്കൂനയെ ഒന്നു തട്ടിനിരത്തി, ഇടംവലം നോക്കാതെ റഷിന്റെ നിശ്ശബ്ദതീറ്റ തുടങ്ങി. ഇടയ്ക്കിടെ സലാഡും അച്ചാറും ബിരിയാണിച്ചോറില്‍ പുരട്ടി അകത്തേക്കുവിടും.
15 മിനിറ്റുകൊണ്ട് ഒരു കിലോ, അടുത്ത 15 മിനിറ്റില്‍ അടുത്ത ഒരു കിലോ. മൂന്നാമതും ഇട്ടതിന്റെ പകുതിയും അകത്താക്കിക്കഴിഞ്ഞപ്പോള്‍ ഒരു വലിവ്. തീര്‍ക്കെടാ, തീര്‍ക്കെടാ.. എന്ന് അടുത്തിരുന്ന കൂട്ടുകാരന്റെ വക പ്രോത്സാഹനം കേട്ടപ്പോള്‍ റഷിന്റെ കമന്റ് ഇങ്ങനെ. നിനക്ക് പറയാം, വയറു ഫുള്ളായി, നിര്‍ത്തിയെടാ..
പൂത്തോള്‍ സ്വദേശിയായ റഷിന്‍ സെയ്ന്റ് തോമസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കഴിച്ചതുകൊണ്ട് ജയിച്ചുവെന്നേയുള്ളെന്ന് റഷിന്‍ പറഞ്ഞു. അല്ലാതെ ഞാനൊരു തീറ്റ റഷിന്‍ ഒന്നുമല്ലെന്നും.