ഒന്നരമിനിറ്റില്‍ അകത്താക്കിയത് ഒരുകിലോ ബിരിയാണി! തീറ്റമത്സരത്തില്‍ താരമായി ആദര്‍ശ്
പാലക്കാട്: ഒന്നര മിനിറ്റില്‍ ആവി പറക്കുന്ന ഒരുകിലോ ബിരിയാണി കഴിച്ച് തീറ്റമത്സരത്തില്‍ താരമായി യുവാവ്. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടി മുതല്‍ വിവിധ പ്രായത്തിലുള്ള 350 പേരാണ് പാലക്കാട് നടന്ന തീറ്റമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. തീറ്റക്കാരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളിലായാണ് മത്സരം പൂര്‍ത്തിയാക്കിയത്. വിസില്‍ മുഴങ്കിയതോടെ നാലുഭാഗത്തും തീറ്റമത്സരം മുറുകി. ഒന്ന് ഉരുട്ടിപിടിക്കാന്‍ നിക്കാതെ വാരി വായിലേയ്ക്ക് ഇട്ട് വെള്ളം കുടിച്ച് ഇറക്കുകയായിരുന്നു. അവസാനം ഒരു കിലോ ബിരിയാണി ഒരു മിനിറ്റ് 36 സെക്കന്റില്‍ കഴിച്ച് തീര്‍ത്ത് പാറ സ്വദേശി ആദര്‍ശാണ് ഒന്നാമതെത്തിയത്. സമ്മാന തുകയായ 10000 രൂപയും ആദര്‍ശിന് ലഭിച്ചു.
രണ്ടാം സ്ഥാനം നേടിയ യാക്കര സ്വദേശി വിനോദ് ഒരു മിനിറ്റ് 56 സെക്കന്റ് കൊണ്ടാണ് ബിരിയാണി കഴിച്ചുതീര്‍ത്തത്. എല്ലാവരെയും അമ്പരപ്പിച്ചതും വേറിട്ട് നിന്നതും ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത വിനോദിന്റെ പ്രകടനമായിരിന്നു. ഗ്രീന്‍വാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.