തിരുവനന്തപുരം: പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജു. രോഗം 50,000 പക്ഷികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെ.എം. ദിലീപാണു പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് അതിര്‍ത്തികളിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കുമെന്നും ദിലീപ് അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരുമാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളില്‍ അസാധാരണമായ മരണനിരക്ക് കണ്ടതിനെത്തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാന്പിളുകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ടു സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ അഞ്ച് സാന്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്.
ഇന്‍ഫ്‌ലുവന്‍സ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാം. ഇപ്പോള്‍ സ്ഥിരീകരിച്ചത് എച്ച് 5 എന്‍ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല.