തിരുവനന്തപുരം: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപര്‍ജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 145 കിലോ മീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14 വരേയാണ് നിയന്ത്രണം. കേരള, ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ കാലവർഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല. ശനിയാഴ്ച അഞ്ചുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ മഴ വീണ്ടും കുറയാനാണ് സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.